തൃശൂർ: ദേശീയപാതയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി പാലിയേക്കര ടോൾ പ്ലാസയ്ക്കു സമീപവും ആമ്പല്ലൂർ ജംഗ്ഷനിലും റോഡരികിലെ അനധികൃത പാർക്കിംഗ് കർശനമായി തടയാൻ ജില്ലാ വികസനസമിതി യോഗത്തിൽ തീരുമാനം.
ആംബുലൻസുകൾക്കുപോലും കടന്നുപോകാൻ കഴിയാത്തവിധം വലിയ വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്നതു തടയാൻ പുതുക്കാട് എസ്എച്ച്ഒയ്ക്കും ഹൈവേ പോലീസിനും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദേശം നൽകി. കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉന്നയിച്ച പരാതിയെതുടർന്നാണ് അടിയന്തര നടപടി. ഇവിടെ "നോ പാർക്കിംഗ് ’ ബോർഡുകൾ സ്ഥാപിക്കും.
വനമേഖലയിൽ എഐ കാമറകൾ
വനമേഖലകളിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ എഐ കാമറകൾ സ്ഥാപിക്കുന്ന നടപടികൾ ദ്രുതഗതിയിലാണെന്നു ചാലക്കുടി ഡിഎഫ്ഒ അറിയിച്ചു. പരിയാരം റേഞ്ചിൽ ഒരുമാസത്തെ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കി. ജെം പോർട്ടൽവഴി കാമറകൾ ഉടൻ വാങ്ങിസ്ഥാപിക്കും.
ദേശീയപാത വികസനവും ഫുട്പാത്തും
നാട്ടിക സെന്ററിൽ പുതിയ മേൽപാലം നിർമിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ ഊർജിതമായി പുരോഗമിക്കുന്നതായി എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കയ്പമംഗലം മണ്ഡലത്തിൽ ദേശീയപാത വികസനം നടക്കുന്നതിനാൽ വിദ്യാർഥികൾക്കായി അടിയന്തരമായി സുരക്ഷിതമായ ഫുട്പാത്ത് ഒരുക്കാൻ കളക്ടർ നിർദേശം നൽകി. നിലവിൽ സ്കൂൾജംഗ്ഷനുകളിൽ ട്രാഫിക് വാർഡൻമാരെ നിയമിച്ചിട്ടുണ്ട്. കടപ്പുറം, വാടാനപ്പിള്ളി, വലപ്പാട്, കടിക്കാട്, പുന്നയൂർ വില്ലേജുകളിൽ തീരദേശ ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സർവേ നടപടികൾ പുരോഗമിക്കുകയാണ്.
വികസന പദ്ധതികൾ
ചാലക്കുടി മണ്ഡലത്തിൽ അരിവിതരണത്തിലെ മെല്ലെപ്പോക്ക് തടയാൻ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർക്കു സനീഷ്കുമാർ ജോസഫ് എംഎൽഎ നിർദേശം നൽകി. ചാലക്കുടി കോടതി കെട്ടിടനിർമാണം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു.
തെക്കുംകര, മണലിത്തറ സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമാണം പുരോഗമിക്കുന്നു. കിള്ളന്നൂർ വില്ലേജ് ഓഫീസിന്റെ ബിഡിംഗ് നടപടികൾ പൂർത്തിയായി. വീയപുരം ഐടിഐ നിർമാണം ഒരുമാസത്തിനകം ആരംഭിക്കും.
നാട്ടികയിൽ ഷിഗെല്ല പ്രതിരോധത്തിന്റെ ഭാഗമായി സൂപ്പർ ക്ലോറിനേഷൻ ഡ്രൈവും ബോധവത്കരണവും നടത്തുന്നുണ്ടെന്നു ഡിഎംഒ അറിയിച്ചു. രോഗത്തിന്റെ ഉറവിടം കണ്ടെത്താൻ ജലസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.
ജിഎച്ച്എസ് മണത്തല സ്കൂളിൽ സെപ്റ്റിക് ടാങ്ക് നിർമാണം ഉൾപ്പെടെയുള്ള ശേഷിക്കുന്ന ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കിറ്റ്കോയ്ക്കു നിർദേശം നൽകി.
കളക്ടറേറ്റ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ സനീഷ്കുമാർ ജോസഫ്, എൻ.കെ. അക്ബർ, സേവ്യർ ചിറ്റിലപ്പിള്ളി, ഗീത ഗോപി, കെ.കെ. രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി. ജോസഫ്, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധി രാജേഷ് നായർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.